Wednesday, January 20, 2021

തുടക്കം ഓൺലൈനിലൂടെ...

         ഞാനും  ഒരു  അധ്യാപികയാകാൻ  തയ്യാറെടുക്കുകയാണ്. ഇന്നാണ് അതിന് തുടക്കം കുറിച്ചത്. ഒരു പരിചയവും ഇല്ലാത്ത തിയോഫിലസ് ലേ പടവുകൾ കയറിയപ്പോൾ മനസ്സാകെ  കലുഷിതമായിരുന്നു...കൂടെ പഠിച്ചവർ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന്  ആഗ്രഹിച്ചു പോയി...ഇതു വരെ പഠിച്ച അന്തരീക്ഷത്തിൽ നിന്നും വളരെ വ്യത്യസ്തമായ മറ്റൊരു അന്തരീക്ഷത്തിലേക്ക് ഇതാ കാലെടുത്തുവെക്കുന്നു... 


           ... പക്ഷേ മനസ്സിലെ ആവലാതി കൾക്ക് പരിഹാരമെന്നോണം നിറഞ്ഞ പുഞ്ചിരിയോടെ  മനസ്സറിഞ്ഞ് സംസാരിച്ച തിയോഫിലസ് ലെ  ഒരുപിടി അധ്യാപകർ എനിക്കാശ്വാസമായി  .
      അഡ്മിഷൻ എടുത്ത ദിവസം അഡ്മിഷൻ പ്രക്രിയകൾ പൂർണ്ണമാകാൻ വൈകിയതിനാൽ തന്നെ അന്നേ ദിവസത്തെ ക്ലാസിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. പ്രതീക്ഷയോടെ പിറ്റേദിവസം കോളേജിൽ എത്തിയപ്പോൾ അറിഞ്ഞത് നിരാശ നിറഞ്ഞ ഒരു വാർത്തയായിരുന്നു... മനുഷ്യൻ കൊതിക്കുന്നു , ദൈവം വിധിക്കുന്നു ; എന്നാണല്ലോ. ! 
       എന്തായാലും എൻറെ തുടക്കം ഓൺലൈൻ ക്ലാസ്സിലൂടെ ആകാനായിരുന്നു  ദൈവം വിധിച്ചത്. അങ്ങനെ എൻറെ ആ ഓൺലൈൻ ദിനം ഇന്നായിരുന്നു . 
        ജോജു സാറിൻറെ ടെക്നോളജി ക്ലാസ്സിലൂടെ ഈ ബിഎഡ് അധ്യയനവർഷം ഞാൻ തുടക്കമിടുകയാണ്. കൂട്ടത്തിൽ അദ്ദേഹം എന്നെ മറ്റ് കൂട്ടുകാർക്ക് പരിചയപ്പെടുത്തുകയും എന്നെക്കൊണ്ട് ഒരു പാട്ടു പാടിക്കുകയും ചെയ്തു. ഒത്തിരി സന്തോഷത്തോടെ പുതിയൊരു  ചുവടുവെപ്പ് ഇവിടെ തുടങ്ങുകയാണ്.

              

        ക്ലാസ്സിൽ സാറിൻറെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ മത്സരിക്കുന്ന കൂട്ടുകാർ എന്നെ അത്ഭുതപ്പെടുത്തി... എത്ര ഊർജ്ജസ്വലരാണ് എല്ലാവരും!! അങ്ങനെ ഞാനും അവരിലൊരാളായി മാറാൻ  ശ്രമിക്കുകയാണ്... വളരെ മനോഹരമായ ഒരു കഥയോടു കൂടി നല്ലൊരു ശുഭചിന്തയോടും ശുഭപ്രതീക്ഷകളോടുംകൂടി സാറിൻറെ ക്ലാസ് അവസാനിച്ചു... 
        ജിബി ടീച്ചറെ ക്ലാസിന് ആയി കാത്തിരുന്ന സമയം ഫോണിലെ വാട്സാപ്പിൽ സന്ദേശങ്ങൾ നിറയുകയായിരുന്നു.. പാട്ട് മനോഹരം എന്ന്  പുതിയ കൂട്ടുകാർ പറഞ്ഞപ്പോൾ സന്തോഷം അടക്കാൻ കഴിഞ്ഞില്ല... 😍


        ചില സാങ്കേതിക കാരണങ്ങളാൽ ജിബി ടീച്ചർ ഞങ്ങളെ ഒരു വർക്ക് ഏൽപ്പിച്ചു ക്ലാസ് അവസാനിപ്പിച്ചു... വളരെ മനോഹരമായ ഒരു വർക്ക് എന്ന് തന്നെ പറയണം...നഴ്സറി മുതൽ ഇങ്ങ് ബിഎഡ് വരെ നമ്മുടെ പഠന കാലഘട്ടം വന്നു നിൽക്കുമ്പോൾ , ഇക്കാലമത്രയും നമ്മളേവരും കണ്ടറിഞ്ഞ അധ്യാപകരിൽ; നമുക്ക് ഏറ്റവും പ്രിയപ്പെട്ട സ്വഭാവഗുണങ്ങൾ ഉൾക്കൊള്ളുന്ന 3 അധ്യാപകരെപ്പറ്റി എഴുതുവാൻ വേണ്ടിയായിരുന്നു അത്...  കൂട്ടത്തിൽ ടീച്ചർ ഒന്നു കൂടി ചേർത്തു പറഞ്ഞു നിങ്ങൾക്ക് ആ അധ്യാപകരെ വിളിച്ച് ഈ വർക്ക് കാണിക്കാം നിങ്ങളുടെ എഴുത്തിലൂടെ അവർ നിങ്ങളുടെ മനസ്സുകളിൽ എത്രത്തോളം  ശക്തമായി നിലയുറപ്പിച്ചിരിക്കുന്നു എന്നവർക്ക് മനസ്സിലാക്കുകയും ചെയ്യാം.. അതെന്നെ ഒരുപാട് സന്തോഷിപ്പിച്ചു... അങ്ങനെ എൻറെ ആദ്യ ബിഎഡ് ദിനം ശുഭ പ്രതീക്ഷകളോടെ അവസാനിക്കുകയാണ്....
    

        മനസ്സിൽ വായനയുടെ  പ്രാധാന്യം  ബോധ്യപ്പെടുത്തി, വായിക്കണം
 ഇനിയുമിനിയും എന്ന വായനയുടെ വിത്തുപാകി കൊണ്ട് ക്ലാസ് അവസാനിപ്പിച്ച ജോജോ സർ,  കുഞ്ഞുണ്ണി മാഷിൻറെ ഈ വരികൾ കൂടി ഓർമ്മപ്പെടുത്താൻ മറന്നില്ല ,
       " വായിച്ചാലും വളരും വായിച്ചില്ലേലും വളരും ... വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും... "
    അതെ നമുക്കും വായിച്ചു വളരാം ചിന്തിച്ചു വിവേകം നേടാം....
        

എൻറെ ചിതറിയ ചിന്തകൾക്ക് ഇവിടെ വിരാമമിടുന്നു, 
.. ശുഭപ്രതീക്ഷയോടെ❤️

      

 

11 comments:

Second day of sports meet

 With March past followed by flag hoisting the final day of the meet started. Today finals were conducted. Javeline throw was an event i ant...